“ബാക്ക് അപ് പോളിസി”:
""ആദ്യം ജീവിതത്തിൽ ഒരു ബാക്ക് അപ് വേണം, എന്നിട്ട് വേണം ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന പല കാര്യങ്ങളും ചെയ്യാൻ.""- ഇങ്ങനെ പറഞ്ഞ പലർക്കും ഇപ്പോൾ പ്രായം 40ഉം 45ഉം കഴിഞ്ഞു. ഈ പറയുന്ന 'ബാക്ക് അപ്' ഉടനെയൊന്നും ആവാൻ ഇടയില്ല. കാരണം പലർക്കും ഇന്നു കുടുംബവുമായി കുട്ടികളുമായി. ഇനി അവരുടെ 'ബാക്ക് അപ്' ആണു അടുത്ത ലക്ഷ്യം. വാർധക്യം മാടി വിളിക്കുന്നതിനും മുൻപേ തന്നെ പലരും വാർധക്യത്തെ മാടി വിളിക്കുന്നു.
പിന്നെ ആകെ ചെയ്യുന്നത് ഉള്ളതിൽ തൃപ്തിപ്പെട്ട് സ്വയം എന്തൊക്കെയോ നേടി എന്ന് സ്വയം വിശ്വസിച്ച്, മറ്റുള്ളവരെയും വിശ്വസിപ്പിച്ച് ഒരു ഉപദേശസ്വരവുമായി ജീവിക്കുന്നു. മറ്റുചിലർ സാഹചര്യങ്ങളെയും വിധിയെയും പഴിക്കുന്നു.
'ബാക്ക് അപ്' ആവുമ്പോഴേക്കും 'പാക്ക് അപ്' ആവുന്ന അവസ്ഥയാണ്.
ജീവിക്കാൻ മറന്നുപോവുന്ന അവസ്ഥ. ലോകചരിത്രം പരിശോധിച്ചാൽ തന്നെ നമുക്ക് കാണാം, പ്രകടമായ സാമൂഹികപരിഷ്കാരങ്ങൾക്കു സാക്ഷ്യം വഹിക്കാൻ ഒരു ശരാശരി മനുഷ്യായുസ്സ് തികയുകയില്ല എന്നത് തീർച്ച.
അതുകൊണ്ട് തികച്ചും ഉപരിപ്ളവവും ശുഷ്കവുമായ ലൗകികനേട്ടങ്ങളുടെ പുറകെ പോവാൻ തത്കാലം എനിക്ക് താത്പര്യമില്ല. ""ജീവിതത്തിൽ ഒരു ലക്ഷ്യം വേണം, അതിനായി പ്രവർത്തിക്കണം.""- ഇതാണു മുതിർന്നവർ നമ്മളെ പഠിപ്പിക്കുന്നത്. എന്നാൽ ഇവിടെയാണു ചെറിയൊരു പ്രശ്നം നിലകൊള്ളുന്നത്, പ്രസ്തുത 'ലക്ഷ്യം' നേടിക്കഴിഞ്ഞാൽ അതൃപ്തനോ അഹങ്കാരിയോ ആയിത്തീരുന്നു സാമാന്യ മനുഷ്യൻ. ഇനി നേടാൻ സാധിച്ചില്ലെങ്കിലൊട്ട് പറയുകയും വേണ്ട! ‘അതുക്കും കീഴെ’ ആണു അവസ്ഥ. അതിനാൽ ജീവിതത്തിൽ ഒരുപാട് ലക്ഷ്യങ്ങൾ വേണമെന്നതാണു എന്റെ അഭിപ്രായം. ഒന്നിനുപുറകെ മറ്റൊന്ന്, അപ്രകാരമുള്ള ഒരു ലക്ഷ്യപ്രയാണം ആവണം ജീവിതം. അതു സഞ്ചാരപൂർണ്ണവും അനുഭവപൂർണ്ണവും ആവണം.
22 ആം വയസ്സിൽ ബിരുദവും 24 ആം വയസ്സിൽ തൊഴിലും 26 ഇൽ വിവാഹവും 60 ഇൽ വിരമിക്കലും മാത്രം സ്വപ്നം കാണുന്ന ശരാശരി പൗരനെ സംബന്ധിച്ചിടത്തോളം ജീവിതം വെറും ഒരു ഇൻഷ്വറൻസ് പോളിസി ആണു (വയസ്സ് ഒരുപക്ഷേ ആപേക്ഷികമായി മാറിയേക്കാമെങ്കിലും ചിന്താഗതി ഒന്നു തന്നെയാണു). അത്തരം അപകർഷമായ അഹംബോധം ഒരു അഹങ്കാരമായി കൊണ്ട് നടക്കുന്നവർക്ക് ഈ ലേഖനത്തിന്റെ കാമ്പ് മനസ്സിലാക്കാൻ കഴിയണമെന്നില്ല. എങ്കിലും ഒരു 55 വയസ്സിനു ശേഷവും ജീവിതത്തിനെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടില്ലാതെ, പണം സമ്പാദിക്കാനും മറ്റുമായി നെട്ടോട്ടം ഓടുകയും, ജീവിതത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നവരെ കാണുമ്പോൾ സത്യത്തിൽ സഹതാപം ആണു തോന്നാറുള്ളത്. മറ്റു ചിലരാകട്ടെ, മക്കൾക്ക് വേണ്ടി 'ബാക്ക് അപ് ' ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണു. സ്വന്തം മക്കൾക്കായി സാമ്പത്തികമായ ബാക്ക് അപ് ഉണ്ടാക്കാൻ വേണ്ടി ചക്രശ്വാസം വലിക്കുന്ന സമയത്തിന്റെ പത്തിൽ ഒരു അംശം സമയം അവരിൽ അല്പം സാമൂഹികപരവും മാനുഷികപരവുമായ ഒരു 'ബാക്ക് അപ് ' ഉണ്ടാക്കാൻ മേല്പ്പറഞ്ഞ രക്ഷിതാക്കൾ ശ്രമിച്ചിരുന്നെങ്കിൽ ഈ നാട് അല്പമെങ്കിലും മെച്ചപ്പെട്ടേനെ എന്ന് തോന്നിപ്പോവുന്നു.
ഇന്ത്യയിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക പ്രവണതയാണിത്. മേല്പ്പറഞ്ഞ വ്യവസ്ഥിതിയിൽ നിന്നും മാറി ചിന്തിച്ചവരെ ഇവിടെ മാറ്റം കൊണ്ടുവന്നിട്ടുള്ളൂ എന്നു ചരിത്രം പരിശോധിച്ചാൽ വ്യക്തമായി മനസ്സിലാക്കാം. മാർക്ക്, റാങ്ക്, തൊഴിൽ (വെള്ള കോളർ ഉദ്യോഗം), പണം, വിവാഹം എന്നിവയെക്കൂറിച്ച് മാത്രം ചിന്തിക്കാൻ ഉതകുന്നവിധത്തിലുള്ള ഒരു ശുഷ്കാന്തർമുഖമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്ന വിധത്തിലുള്ള അധ്യാപനരീതിയും രക്ഷാകർത്തൃരീതിയും ആണു ഇന്നിവിടെ സാധാരണയായി കണ്ടുവരുന്നത്. അതിനിടയിലൂടെ ചെറിയതോതിൽ കുത്തിവയ്ക്കപ്പെടുന്ന ജാതി-മത-വർഗ്ഗ-വർണ്ണ സ്പർധയും ലിംഗവിവേചനവും കൂടിയാവുമ്പോൾ ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനത്തേക്കു ആഞ്ഞുകുതിച്ച്കൊണ്ടിരിക്കുന്ന ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യം ഇന്നൊരു ദ്വാരം വീണ കപ്പൽ ആണു എന്ന് നാം തിരിച്ചറിയേണ്ടത് അനിവാര്യമാണ്.
എവിടെയാണ് നമുക്ക് പിഴച്ചത്?
ഉത്തരം നമ്മളിൽ തന്നെയാണ്. നമ്മുടെ ചിന്താഗതിയിലും കാഴ്ച്ചപ്പാടിലുമാണു പ്രശ്നം.
ഏതൊരു കാര്യത്തിലും - പത്രത്തിൽ വരുന്ന ഒരു വാർത്തയും തീയ്യറ്ററിൽ കാണുന്ന ഒരു സിനിമയും മുതൽ കുടുംബകാര്യങ്ങളിൽ വരെ നമുക്ക് ഉള്ള കാഴ്ച്ചപ്പാട്, ""അതിൽ നിന്നും നമുക്ക് എന്ത് നേടാം, എന്ത് ലാഭം?""- എന്നു മാത്രമുള്ള ചിന്തയാണു എല്ലവരിലും. ഇതിൽനിന്നും വ്യത്യസ്തമായി "അതിലേക്ക് എന്ത് നല്കാം!?"- എന്ന രീതിയിലുള്ള ഒരു ചിന്താഗതി ആണു നാം അവലംബിക്കേണ്ടത്. അത്തരം ചിന്താരീതി നമ്മുടെ മാനവവിഭവശേഷിയിൽ തന്നെ പ്രകടമായ മാറ്റം കൊണ്ടുവരുമെന്നു തീർച്ച (ജപ്പാൻ തന്നെ ഒരു ഉദാഹരണം).
വിപുലവും വ്യത്യസ്തവുമായ ചിന്തകൾക്ക് ഇവിടെ പ്രോത്സാഹനവും അംഗീകാരവും, സാധുതയുമില്ല എന്നുള്ളതാണു സത്യം
ചെറിയ രീതിയിൽ ഉള്ള മാറ്റങ്ങൾ നമുക്ക് ഇന്നു തന്നെ ചെയ്ത് തുടങ്ങാവുന്നതാണ്. സാമൂഹികമൂല്യങ്ങൾ, സാംസ്കാരിക ബോധം, സാമൂഹികസേവനരീതി, വായനാശീലം, സർഗ്ഗബോധം, ഭക്തി, മുതലായവയെക്കുറിച്ച് എത്ര വീടുകളിൽ സംഭാഷണം നടക്കുന്നു എന്നു തന്നെ സംശയമാണ്. ഇതിനെല്ലാം നമുക്ക് ഒരു ചെറിയ മാറ്റം കൊണ്ടുവരാം. നമ്മൂടെ ഉള്ളിൽ നിന്നു തന്നെ, സ്വയം പ്രതിഞ്ജാബദ്ധരാവാം, പ്രബുദ്ധരാവാം. മാറ്റം നമ്മളിലാണു, തിരിച്ചറിവുണ്ടായാൽ അത് സ്വന്തം വീടുകളിലും സൗഹൃദസംഗമങ്ങളിലും തുറന്നു വയ്ക്കൂ. മാറ്റം അവതരിപ്പിക്കുമ്പോൾ എതിർപ്പുകൾ സ്വാഭാവികമാണു. എങ്കിലും, മരണക്കിടക്കയിലെ അസംതൃപ്തി, അതിലും വലിയ ഒരു ദു:ഖം ദു:സ്വപ്നങ്ങളിൽ മാത്രമാണ്. അതുകൊണ്ട് നമുക്ക് നല്ല സ്വപ്നങ്ങൾ കണ്ട് തുടങ്ങാം, അതിനായി അശ്രാന്തപരിശ്രമത്തിൽ ഏർപ്പെടാം, സ്വയം പ്രതിജ്ഞാബദ്ധരാവാം. നന്നാവാം. എല്ലാം ശരിയാവും!
-Rahul Sharma