So, which one do you think, is the best News Channel in India?

11 Jun 2017

"വെള്ളിയാഴ്ച്ചകളിലെ ബാല്യകാലസഖികൾ" - Rahul Sharma

ഒന്ന് മനസ്സിരുത്തി വായിച്ചിട്ട് 9-10 വർഷങ്ങമെങ്കിലുമായി കാണും. "രാജമാണിക്യം" ഇറങ്ങിയ കാലത്തോ മറ്റോ ആണ് ബാലരമ /ഡൗജസ്റ്റ് / ബാലഭൂമി - ഇത്യാദികളുടെ ഔദ്യോഗിക വരിക്കാരനാവൽ നിർത്തിയത് എന്നാണ് ഓർമ. വഴിയരികിലെ കടയിൽ തൂങ്ങിയാടുന്നത് കണ്ടപ്പോൾ ഗൃഹാതുരത്വത്തിന്റെ ഓർമക്കായി ഒന്ന് വാങ്ങി നോക്കിയതാ : 'മാജിക് മാലു' ഒന്നുമിപ്പോ ഇല്ലെന്ന് തോന്നുന്നു. 'പുലിമുരുകൻ' തുടങ്ങി യൂട്യൂബ് വീഡിയോ ലിങ്കുകൾ വരെ നിറഞ്ഞതാണ് പുതിയ ബാല 'രമഭൂമികൾ' എന്നത് പ്രതീക്ഷിച്ച ഒരു തിരിച്ചറിവ് തന്നെയാണ്. എന്നിരുന്നാലും വായനയുടെ നൈർമ്മല്ല്യം ഒരു പരിധിയിൽ കുറയാതെ  കാത്തുസൂക്ഷിക്കാൻ ഇവയ്ക്കാകുന്നു എന്ന് തോന്നുന്നു. ഒരു പക്ഷേ, കാർട്ടൂൺ നെറ്റ് വർക്കിന്റെ പുതിയ പതിപ്പും, പ്ളേസ്റ്റേഷനുകളും, ഫേസ്‌ബുക്കും, ഇന്റർനെറ്റും  ഇന്നത്തെ സ്കൂൾകുട്ടികളുടെ ബാല്യം കവർന്നെടുത്തിരിക്കാമെങ്കിലും ബാല മാസികകളും, ബാലപംക്തികളും ഒരുതരത്തിലും കുട്ടികളെ ഒരിക്കലും വഴിതെറ്റിച്ചിരുന്നില്ലെന്നത് അനിഷേധ്യമായ യാഥാർഥ്യം തന്നെയാണ്. "മക്കള് പഠിക്കാൻ ബാലരാമഭൂമികൾ നിർത്തുക"യായിരുന്നു അന്നത്തെ മാതാപിതാക്കളുടെ രീതിയെങ്കിൽ പിന്നീടത്  "കേബിൾ ടിവി കട്ട് ചെയ്യുക" മുതൽ ഇപ്പോൾ "വൈഫൈ പാസ്‌വേഡ് " പിള്ളേര് ഹാക്ക് ചെയ്തെടുക്കാതെ നോക്കേണ്ടയിടത്ത് വരെ എത്തിനിൽക്കുന്നു.  വിചിത്രഭ്രമം ഉളവാക്കുന്ന നവയുഗമാധ്യമങ്ങളുടെയിടയിൽ പിടിച്ച് നിൽക്കാൻ ഇവയ്ക്ക് എത്രനാൾ കഴിയുമെന്നറിയില്ല. ഈ അടുത്ത കാലത്ത് വായനയെക്കുറിച്ച് ഒരു  സ്‌കൂൾ വിദ്യാർത്ഥിനിയോട് സംസാരിച്ചപ്പോൾ "ഞാനെന്തിനാ ചേട്ടാ സമയം കളഞ്ഞ് ഇതെല്ലാം മെനക്കെട്ട് വായിക്കുന്നത് !? ഇതൊക്കെ പിള്ളേർക്ക് ഉള്ളതല്ലേ അയ്യേ... !" എന്നായിരുന്നു മറുപടി. ആറാം ക്ലാസിലെ കുട്ടികളൊക്കെ ഇപ്പൊ "പിള്ളേരല്ലാതായിരിക്കുന്നു" എന്ന് തോന്നുന്നു. വെള്ളിയാഴ്ചകൾക്ക് വേണ്ടിയൊക്കെ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അതൊന്നും 4G യുഗത്തിലുള്ളവർക്ക് അറിയണമെന്നില്ല. അറിയേണ്ട കാര്യവുമുണ്ടാകില്ല. പക്ഷേ, ഒരു വ്യക്തിയിൽ പാഠപുസ്തകങ്ങളുടെ വെളിയിലേക്കുള്ള   "വായനാശീല"ത്തിന് തിരികൊളുത്തുന്നത് ഇത്തരം പുസ്തകങ്ങളായിരിക്കാം. അതോർത്തെങ്കിലും മാതാപിതാക്കൾ കുട്ടികൾക്ക് നിർബന്ധമായും ഇത്തരം ബാലമാസികകൾ വാങ്ങിനൽകണമെന്ന് പറയാനാഗ്രഹിക്കുന്നു. ഒരു 4 കൊല്ലമെങ്കിലും ബാലമാസികകൾ വായിച്ചിട്ട് മതി അവന്റെ /അവളുടെ ജീവിതത്തിലേക്ക് വിരൽ -വൈറൽ സാങ്കേതികവിദ്യകൾ കടന്നുകയറുന്നത്. 'ബാല്യമെങ്കിലും ' നഷ്ടപ്പെട്ടുപോവാതെ സൂക്ഷിക്കാനുള്ള ഒരു 'പ്രതിരോധകുത്തിവെയ്പ്പായി'  സർക്കാരിന് സ്‌കൂളുകളിലും ഇവ വിതരണം ചെയ്യാവുന്നതാണ് എന്ന് തോന്നുന്നു.

PS: എന്തായാലും, ഇനി ഇതുപോലെ വാങ്ങുന്ന ബാലമാസികകൾ ഷെൽഫിൽ നിന്നും എടുത്ത് ഷോകേസിലേക്ക് മാറ്റിവെയ്ക്കാൻ ആണ് എന്റെ തീരുമാനം.

-എന്ന്,  ബാലരമഭൂമികളും, അമർചിത്രകഥകളും, ഡൈജസ്റ്റുകളും കാരണം വായനയുടെയും എഴുത്തിന്റെയും ചിന്തകളുടെയും ലോകത്തിലേക്ക് വീണുപോയവരിൽ ഒരാൾ !