'ആൽഫ'
അടിയന്തരാവസ്ഥക്കാലത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ഫിക്ഷനൽ ഫാന്റസി ആണിത്. ഉദ്ദേശം 780 കി. മി. ചുറ്റളവിൽ കടൽ മാത്രമുള്ള ഒരിടത്തു സ്ഥിതി ചെയ്യുന്ന മനുഷ്യവാസം ഇല്ലാത്ത, തീർത്തും അപരിചിതമായ ഒരു ദ്വീപിലേക്ക് ആണുങ്ങളും പെണ്ണുങ്ങളുമായി വിവിധ മേഖലകളിൽ പ്രഗത്ഭരായ പന്ത്രണ്ടോളം പേരടങ്ങുന്ന ആധുനിക മനുഷ്യ സംഘം ഒരു കൊച്ചു ബോട്ടിൽ യാത്ര തിരിക്കുന്നു. ശേഷം, ശാസ്ത്രസാങ്കേതിക വിദ്യകൾ, ഭാഷ, വസ്ത്രം തുടങ്ങി നിലവിൽ ഭൂമിയിൽ കാണപ്പെടുന്ന എല്ലാവിധ മനുഷ്യസംസ്കാരങ്ങളും ഉപേക്ഷിച്ചു കൊണ്ട് ആ പന്ത്രണ്ട് പേർ ഒരു വിപ്ലവാത്മകമായ പരീക്ഷണം നടത്തുവാനായി ആ ദ്വീപിലേക്ക് പോകുന്നു. ഇതാണ് ശ്രീ
ടി. ഡി. രാമകൃഷ്ണന്റെ (T D Rama Krishnan) ആദ്യ നോവലായ "ആൽഫ" യുടെ ഇതിവൃത്തം.
കോടാനുകോടി വർഷങ്ങളെക്കൊണ്ട് പരിണമിച്ചുണ്ടായ ആധുനിക മനുഷ്യൻ അരാജകത്വം നിറഞ്ഞ, അനിയന്ത്രിതമായ സ്വാതന്ത്ര്യം ലഭിച്ചാൽ എന്തായിത്തീരും എന്നത് ഭാവനയിൽ കാണുകയാണ് രചയിതാവ് ഇവിടെ. തികച്ചും നരവംശശാസ്ത്രപരമായ സമീപനം.
'ആൽഫ' എന്നത് ഗ്രീക്ക് അക്ഷരമാലയിലെ ആദ്യാക്ഷരമാണ്. ആധുനിക മനുഷ്യനെ ആദിയിൽ വചനമുണ്ടാവുന്നതിനും മുമ്പുള്ള കാലഘട്ടത്തിൽ പ്രാകൃതമനുഷ്യനായി കൊണ്ട് നിർത്താൻ ശ്രമിക്കുകയാണ് തന്റെ കഥാപാത്രങ്ങളിലൂടെ എഴുത്തുകാരൻ ചെയ്യുന്നത്.
പാരമ്പര്യമായി, തലമുറകളിലൂടെ മനുഷ്യൻ കൈമാറി വരുന്നത് കേവലം ധൈഷണിക നേട്ടങ്ങളുടെ വ്യാപ്തിയെ ഉൾക്കൊള്ളാൻ ആവും വിധമുള്ള ഒരു 'ക്യാൻവാസ്' മാത്രമാണെന്നും, ഗുരുമുഖത്തുനിന്നുമുള്ള വിദ്യാഭ്യാസസാംസ്കാരിക പഠനം നേടാത്തിടത്തോളം കാലം ആധുനിക മനുഷ്യൻ കേവലം ഡാറ്റാ ഫീഡ് ചെയ്യാത്ത ഒരു സൂപ്പർ കമ്പ്യൂട്ടർ മാത്രമാണെന്നും പറഞ്ഞു വെക്കുന്നുണ്ട് കഥാകാരൻ! അതോടൊപ്പം തന്നെ, ഒരു ആധുനിക സമൂഹത്തിന്റെ സമഗ്രമായ സാംസ്കാരിക ഭൂമികയിൽ നിന്ന് വെളിയിൽ കൊണ്ട് വന്നാൽ ആധുനിക മനുഷ്യൻ കൈബലവും, കാമവും, ക്രോധവും, ലൈംഗികതയും മാത്രം ഉപയോഗിച്ച് കൊണ്ട് പരസ്പരം പിടിച്ചടക്കി വാഴാൻ ശ്രമിക്കുന്ന ഒരു പ്രാകൃത ജീവി മാത്രമാണെന്നും സമർഥിക്കുന്നുണ്ട് എഴുത്തുകാരൻ. ആധുനിക മനുഷ്യൻ ആകട്ടെ, ബുദ്ധിയും സാങ്കേതിക വിദ്യകളും, സാംസ്കാരികവിപ്ലവവും കൈമുതലാക്കി അത് തന്നെ ചെയ്തു കൊണ്ടിരിക്കുന്ന ഒരുവൻ തന്നെ ആണ് താനും എന്ന് നമുക്ക് മനസ്സിലാക്കാം.
- Rahul Sharma
👍
ReplyDelete)
ReplyDelete