So, which one do you think, is the best News Channel in India?

15 May 2020

'നോർത്ത് ഇന്ത്യ അല്ല, നോർത്തീസ്റ്റ് ഇന്ത്യ'-സേമയിലൂടെ ഒരു ചരിത്രയാത്ര - Rahul Sankalpa (Rahul Sharma)


നോർത്ത് ഇന്ത്യ അല്ല, നോർത്തീസ്റ്റ് ഇന്ത്യ.
‘'ആ ചൈനക്കാരനെ പോലെയുള്ളവൻ /ലെ നേപ്പാളി കണ്ണുള്ളവൻ /ചിങ്കീ'' - എന്നും മറ്റും പറഞ്ഞ് ദക്ഷിണേന്ത്യക്കാരും ഉത്തരേന്ത്യക്കാരും ഒരുപോലെ തിരസ്കരിക്കുന്ന ഒരു വിഭാഗം ജനതയാണ്‌ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ജനത. 7 സംസ്ഥാനങ്ങൾ കൂടിച്ചേർന്നതാണ്‌ വടക്ക് കിഴക്കൻ മേഖല. സമീർ താഹിർ സംവിധാനം ചെയ്ത് ദുല്ഖർ സല്മാൻ അഭിനയിച്ച ‘നീലാകാശം, പച്ചക്കടൽ ചുവന്ന ഭൂമി’ എന്ന സിനിമയിലൂടെ മാത്രമായിരിക്കും പലർക്കും ആ ഒരു മേഖലയെക്കുറിച്ച് പരിചയം കാണുക. നാഗാലാൻഡിൽ ജനിച്ചുവളർന്ന ഒരു മലയാളി സുഹൃത്ത് ഹയർ സെക്കന്ററി സ്കൂളിൽ ക്ളാസിൽ കൂടെ ഉണ്ടായിരുന്നു. പട്ടിയെ കൊന്ന് കറിവെയ്ക്കുന്ന രീതിയെ പറ്റിയൊക്കെ അവനിൽ നിന്നാണ്‌ മനസ്സിലാക്കിയിരുന്നത്. ഒപ്പം നാഗാലാൻഡ് തലസ്ഥനമായ കൊഹിമയല്ല, ദിമാപ്പൂർ ആണ്‌ അവിടത്തെ ഏറ്റവും വലിയ പട്ടണം എന്നും അവനിലൂടെയാണ്‌ മനസ്സിലാക്കിയിരുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ നോക്കിയാൽ അവിടത്തെ സാംസ്കാരിക കേന്ദ്രമെന്ന് പറയാവുന്ന ഒരിടമാണ്‌ നാഗാലാൻഡ്. ഈ വർഷത്തെ യാത്ര അങ്ങോട്ട് ആക്കണം എന്ന് കരുതിയിരുന്നതാണ്‌. പക്ഷേ, അത് സാധിച്ചില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇനി ഉടനെ നടക്കും എന്നും തോന്നുന്നില്ല.

നാഗാലാൻഡിന്റെ പ്രാചീന ചരിത്രങ്ങൾ പലതും ഇപ്പോഴും അജ്ഞാതമാണ്‌ എന്നതാണ്‌ സത്യം. ഇവിടെയാണ്‌ മുൻ നാഗാലാൻഡ് മുഖ്യമന്ത്രി ആയിരുന്ന (Hokishe Sema) ഹോക്കിഷേ സേമ യുടെ ”EMERGENCE OF NAGALAND: Socio-Economic and Political Transformation and the Future” എന്ന പുസ്തകത്തിന്റെ പ്രസക്തി എന്ന് തോന്നുന്നു. നോൺ ഫിക്ഷൻ താല്പര്യമുള്ളവരും, നാഗാലാൻഡിന്റെയും വടക്കുകിഴക്കൻ മേഖലയുടെയും ഭൂമിശാസ്ത്രപരവും, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ ചരിത്രത്തെക്കുറിച്ച് അറിയുവാൻ താല്പര്യമുള്ളവരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.

‘നാഗകൾ’ എന്ന് നമ്മൾ ഒറ്റയടിക്ക് പറയുമ്പോൾ തന്നെ അംഗാമി, ആവോ, കോന്യാക്, ഫോം, സുമി തുടങ്ങി പതിനാറില്പരം വരുന്ന ഗോത്രവർഗ്ഗക്കാർ അവിടെയുണ്ടെന്നും, ഹിന്ദിയും ബംഗാളിയും അല്ലാതെ പന്ത്രണ്ടില്പ്പരം ഭാഷകൾ അവർക്കിടയിൽ തന്നെ ഉണ്ടെന്നുമുള്ള വസ്തുത നാം മനസ്സിലാക്കുന്നില്ല. പരസ്പരം കൊന്നും കൊലവിളിച്ചും പോരാടിയും തങ്ങളുടേത് മാത്രമായ ഒരു ലോകത്ത് വിഹരിച്ചിരുന്ന ഈ ഗോത്രവർഗ്ഗക്കാരുടെ ഇടയിലേക്ക് ബ്രിട്ടീഷുകാരും, പിന്നീട് ക്രിസ്ത്യൻ മിഷനറികളും കടന്നു വന്നതോടുകൂടി വൻ തോതിൽ സാക്ഷരരും വിദ്യാസമ്പന്നരും ആയി മാറി നാഗാ സമൂഹം. ഇന്നും ഇംഗ്ലീഷ് ഔദ്യോഗികഭാഷയായിട്ടുള്ള ഒരേയൊരു ഇന്ത്യൻ സംസ്ഥാനം നാഗാലാൻഡ് മാത്രമാണ്‌. നമുക്ക് ഒരു കുറിച്യപ്പടയുടെയും കരിന്തണ്ടന്റെയും കഥ പറയാനുണ്ടെങ്കിൽ അത്തരത്തിലുള്ള ആയിരം കുറിച്യന്മാരുടെയും കരിന്തണ്ടന്മാരുടെയും കഥകളാണ്‌ നാഗാ ചരിത്രത്തിന്‌ നമ്മളോട് പറയാനുള്ളത്.

ആസാമീസിനപ്പുറത്തു നിന്നും ഒരു ഉത്കൃഷ്ട സാഹിത്യ സൃഷ്ടിയോ, ചർച്ച ചെയ്യപ്പെട്ട ഒരു സിനിമയോ അവിടെ നിന്നും നമുക്കിടയിലേക്ക് വന്നു ഭവിക്കുന്നില്ല. അതിനുള്ള സാഹചര്യം അവിടെ ഉണ്ടാകുന്നുമില്ല. അതിനാൽ തന്നെ, അവിടങ്ങൾ എന്നും അന്യം നിന്ന പ്രദേശങ്ങൾ തന്നെയായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ താല്പര്യമില്ലായ്മ പ്രകടിപ്പിച്ച ഇക്കൂട്ടർ 1963 വരെ നിരന്തരം കലഹങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. 1963 ലാണ്‌ ഇന്ത്യയുടെ 16-ആമത് സംസ്ഥാനമായി “NAGALAND” നിലവിൽ വരുന്നത്.

ഇനി ഗ്രന്ഥകർത്താവായ ഹോക്കിഷേ സേമയിലേക്ക് വരാം: ഷില്ലോങ്ങിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം അന്നത്തെ ആസാം സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന നാഗാ പ്രവിശ്യയിൽ അസിസിറ്റന്റ് കമ്മീഷണർ ആയി ജോലിയിൽ പ്രവേശിച്ചുവെങ്കിലും അഥികം വൈകാതെ രാഷ്ട്രീയത്തിലേക്ക് കടന്നു. നാഗാ ജനകീയ കൺവെൻഷന്റെ ഡ്രാഫ്റ്റിങ്ങ് കമ്മറ്റി മെംബർ ആവുകയും നിരന്തരമായ ചർച്ചകൾക്കൊടുവിൽ 1960 കളിൽ എത്തിച്ചേർന്ന പ്രശസ്തമായ 16 പോയിന്റ് ഉടമ്പടിയും (16 Point Agreement), അതിൻപ്രകാരമുള്ള നാഗാലാൻഡ് സംസ്ഥനരൂപീകരണവും എല്ലാം ഈ പുസ്തകത്തിൽ അനുഭവക്കുറിപ്പുകളായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അക്കാലത്ത് ജവഹർലാൽ നെഹ്രുവുമായി അദ്ദേഹം വെച്ചു പുലർത്തിയിരുന്ന ബന്ധവും ഇതിൽ പ്രതിപാദിക്കുന്നു. നാഗാ ജനകീയ പ്രക്ഷോഭത്തിന്റെ നേതൃസ്ഥാനത്ത് നിന്നിരുന്ന ഹോക്കിഷേ സേമ പിന്നീട് നാഗാ ദേശീയ പ്രസ്ഥാനത്തിലൂടെ അവിടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

രാഷ്ട്രീയപരമായി നോക്കിയാൽ 1980 ന്‌ ശേഷം സേമ കോൺഗ്രസ്സിന്റെ നേതാവ് ആവുകയും ശേഷം 1994 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജാമിറുമായുണ്ടായ അഭിപ്രായ ഭിന്നതയെത്തുടർന്ന് സ്വന്തമായി പാർട്ടി രൂപീകരിക്കുകയും പില്ക്കാലത്ത് ബി.ജെ.പി യിൽ ചേരുകയും ചെയ്തു. 1986 നു ശേഷം ഉള്ള രാഷ്ട്രീയകാര്യങ്ങൾക്ക് ഈ പുസ്തകത്തിൽ പ്രസക്തിയില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയ നിലപാടുകൾ അനുസരിച്ച് പക്ഷപാതസമീപനം കൈക്കൊള്ളുന്ന സേമയെ ഇതിൽ പ്രകടമായി കാണാനാവുകയുമില്ല.

പുസ്തകത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ വടക്കുകിഴക്കൻ ഭാരതനാടുകളിൽ നിന്നും ഏറ്റവുമധികം രാഷ്ട്രീയാനുഭവസമ്പത്തുള്ള വ്യക്തികളിൽ ഒരാളുടെ അനുഭവങ്ങളും നിലപാടുകളും ദേശീയ കാഴ്ചപ്പാടുകളും ആണ്‌ ഇതിൽ അടങ്ങിയിട്ടുള്ളത്. സേമയെ സംബന്ധിച്ചിടത്തോളം നാഗാലാൻഡ് എന്നത് വാസ്തവത്തിൽ ഒരു വികാരം തന്നെയാണ്‌ . അവിടുത്തെ ദേശീയ പ്രക്ഷോഭത്തിന്റെ മുന്നിൽ നിന്നിരുന്ന ഒരു വ്യക്തിക്ക് ഇന്ത്യൻ സർക്കാരുമായുണ്ടായിരുന്ന ബന്ധം, ഗവണ്മെന്റിന്റെയും പ്രക്ഷോഭകരുടെയുമിടയിൽ മദ്ധ്യസ്ഥനായി പ്രവർത്തിക്കേണ്ടി വന്നപ്പോൾ അദ്ദേഹം സ്വീകരിച്ചിരുന്ന രീതികൾ, നിലപാടുകൾ, ഡിപ്ളോമസി, എല്ലാം ഇന്ന് വായിക്കുമ്പോൾ നമുക്ക് ഒരു പുതിയ പാഠം തന്നെയാണ്‌. നാഗാലാൻഡ് അടക്കമുള്ള സംസ്ഥാനങ്ങളെ ഇന്ത്യയുടെ ഭാഗം ആയിട്ടുകൂടി ഈ അടുത്ത കാലം വരെ ‘വിദേശകാര്യവകുപ്പിന്റെ’ കീഴിൽ ഉൾപ്പെടുത്തിയിരുന്നത് എന്തുകൊണ്ട്? എന്നത് എനിക്കും ഉണ്ടായിരുന്ന സംശയമാണ്‌. അന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ ജവഹർലാൽ നെഹ്രുവിനെ പോലെ ഉള്ള ഒരു നേതാവിന്‌ ദേശീയോദ്ഗ്രഥനത്തിനും ഭാരതത്തിന്റെ അഘണ്ഡതയ്ക്കും വേണ്ടി അത്തരം ചില നിലപാടുകൾ സ്വീകരിക്കേണ്ടി വന്നിരുന്നു. അന്നത്തെ സാഹചര്യത്തിലെ ഏറ്റവും മികച്ച തീരുമാനം അതു തന്നെയായിരുന്നു എന്നും നമുക്ക് മനസ്സിലാവും.

1950-‘60 കാലഘട്ടത്തിൽ നെഹ്രുവുമായുണ്ടായിരുന്ന ബന്ധവും, ശേഷം എഴുപതുകളിൽ ഇന്ദിരാ ഗാന്ധിയുമായുണ്ടായിരുന്ന ബന്ധവും എല്ലാം അദ്ദേഹം ഇതിൽ വിശദീകരിക്കുന്നു. ഒപ്പം നാഗാലാൻഡ് സംസ്ഥാനരൂപീീകരണത്തിലും അവിടുത്തെ ദേശീയവാദപ്രക്ഷോഭങ്ങളെ വിവേകപൂർവ്വം നേരിടുന്നതിലുമെല്ലാം അവർ വഹിച്ച പങ്കും ഒക്കെ ഇതിൽ വിശദീകരിക്കുന്നു. ആയുധങ്ങളുമായി നിന്നിരുന്ന പ്രക്ഷോഭകാരികൾക്കിടയിലേക്ക് അവരിലൊരാളായി ധീരമായി നടന്നു ചെല്ലുകയും ‘ഇന്ത്യ’ എന്ന വിപുലമായ ദേശീയതയുമായി അവരുടെ കൈകൾ കോർത്തുപിടിക്കുകയും ചെയ്യുന്നതിൽ സേമയെ പോലെയുള്ളവർ വഹിച്ച പങ്കു ചെറുതല്ല. ഫിക്ഷൻ അല്ലെങ്കിൽ കൂടെ അത്തരത്തിലുള്ള ധീരതയുടെ ഭാഷയാണ്‌ സേമ ഈ പുസ്തകത്തിൽ സ്വീകരിച്ചുകാണുന്നത്.
താൻ മുഖ്യമന്ത്രിയായിരിക്കെ, നാഗാ അധോലോകപോരാളികളുമായി നയതന്ത്രപരമായി ഇടപെടുകയും അവരെ അനുനയിപ്പിച്ചുകൊണ്ട് സന്ധിയിലേർപ്പെടുകയും ഇന്ത്യൻ BSF ന്റെ (Border Security Force) ഒരു ബറ്റാലിയൻ ആയി അവരെ പുനർ-രൂപീകരിക്കുകയും ചെയ്തതുമൊക്കെ ഇന്ത്യൻ ദേശീയ രാഷ്ട്രീയ ചരിത്രത്തിൽ സേമയുടെ വലിയ സംഭാവനകൾ ആണ്‌.

ഇന്ത്യാചരിത്രമെന്നാൽ സിന്ധു-ഗംഗാതീരസമതലങ്ങളിലെ മഹജനപദങ്ങളുടെ ചരിത്രവും, ഗോദാവരിക്കിപ്പുറമുള്ള ദക്ഷിണഭാരതചരിത്രവും മാത്രമല്ലെന്നും, സിന്ധുനദീതടസംസ്കാരവുമായിപ്പോലും നേരിട്ട് ബന്ധപ്പെടുത്തുവാൻ സാധിക്കാത്ത മറ്റൊരു വലിയ സംസ്കാര ചരിത്രവും ഈ നാട്ടിൽ ഉണ്ടായിരുന്നു എന്നും, പ്രകൃതിഭംഗിയുടെ കലവറയായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക ചരിത്രം കൂടി പരിഗണിക്കാതെ ഇന്ത്യാചരിത്രപഠനം പൂർത്തിയാവുകയില്ലെന്നും നാം ഓരൊരുത്തരും ബഹുമാനപൂർവം മനസ്സിലാക്കേണ്ട ഒരു കാര്യമാണ്‌. ‘നമ്മൾ’ എന്ന് പറയുമ്പോൾ, മലയാളിയും തമിഴനും തെലുങ്കനും, പഞ്ചാബിയും, ഹിന്ദിക്കാരനും ബംഗാളിയും മാത്രമല്ല , അതിൽ മണിപ്പൂരിയും നാഗാലൻഡുകാരനും അടങ്ങുന്നുണ്ടെന്ന് നാം മനസ്സിലാക്കുന്നയിടത്താണ്‌ ഈ പുസ്തകത്തിന്റെ സ്വാധീനം വ്യക്തമാവുന്നത്. ഓരോ ഭാരതീയനും ഒരു ഓർമ്മപ്പെടുത്തൽ തന്നെയാണ്‌ ഹോക്കിഷേ സേമയുടെ ഈ പുസ്തകം

ഒരു ഹോൺബിൽ ഫെസ്റ്റിവലിനപ്പുറം, പരിചിതമല്ലാത്ത ഒരുപാട് കാര്യങ്ങൾ ഈ പുസ്തകത്തിൽ കൂടി നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. ഒരുപക്ഷേ ഒരു ഗൂഗിളിനും വിക്കിപ്പീഡിയയ്ക്കും നല്കാനാവാത്ത അത്രത്തോളം ആഴത്തിലുള്ള നാഗാലാൻഡ് സംസ്ഥാനത്തിന്റെ പലവിധ മാനങ്ങളിലുള്ള പ്രാദേശിക ചരിത്രം! ജനാധിപത്യവും ഭരണഘടനയും ഫെഡറലിസവുമെല്ലാം ചർച്ചാവിഷയമാവുന്ന ഇന്നത്തെ കാലത്ത് ഇത്തരം രാഷ്ട്രീയസംസ്കാരത്തിൽ നിന്നും വിഭിന്നമായി നിലകൊണ്ടിരുന്ന ഒരു നാനാത്വസമൂഹത്തെ ഏകീകരിച്ചു നിർത്തുകയും കൂട്ടിച്ചേർക്കുകയും ചെയ്ത ഒരു ചരിത്രം കൂടി ആധുനിക ഭാരതത്തിനു പറയാനുണ്ട് എന്ന് നാം മനസ്സിലാക്കണം.
- Rahul Sankalpa (Rahul Sharma)
Pic Courtersy" Internet ,Shutterstock images





3 May 2020

സി.വി. രാമൻപിള്ളയും, നോവൽത്രയവും- ഒരു വായനാചിന്ത- Rahul Sankalpa (Rahul Sharma)


“ചന്ദ്രക്കാറൻ ഭരിച്ചാൽ ഭരുമോ?”
ഒരിക്കൽ ഞാനും ഒരു സുഹൃത്തും )കൂടി തിരുവനന്തപുരം നവരാത്രി മണ്ഡപത്തിൽ സംഗീതക്കച്ചേരി കേൾക്കാൻ പോവുകയും ചില സാങ്കേതിക കാരണങ്ങളാൽ അതിനു സാധിക്കാതെ വരികയും ചെയ്തു. പക്ഷേ, അന്ന് വൈകുന്നേരം പദ്മതീർഥക്കുളത്തിനരികിൽ അസ്തമയ സൂര്യന്റെ വെളിച്ചത്തിൽ ഇരുന്നുകൊണ്ട് പുള്ളി എന്നോട് 'ധർമ്മരാജാ' എന്ന പുസ്തകത്തെക്കുറിച്ച് പറയുകയുണ്ടായി. അന്ന് മുതൽ അത് വായിക്കണം എന്ന് കരുതി മാറ്റി വെച്ചിരിക്കുകയും ആയിരുന്നു.
ചരിത്രങ്ങളും ചരിത്രകഥകളും എന്നും ഒരു മുത്തശ്ശിക്കഥയിലെ യക്ഷിഗന്ധർവന്മാരെപ്പോലെ മനസ്സിനെ വശീകരിക്കുകയും കുഴപ്പിക്കുകയും ചെയ്യുന്ന വസ്തുക്കളാകുന്നു. പത്തുവർഷത്തോളം നീണ്ട തിരുവനന്തപുരനിവാസവും, പദ്മനാഭപുരം കൊട്ടാരം, പദ്മനാഭസ്വാമി ക്ഷേത്രം, ശുചീന്ദ്രം, കുതിരമാളിക, കനകക്കുന്ന് കൊട്ടാരം എന്നിവിടങ്ങളിലേക്ക് നടത്തിക്കൊണ്ടിരുന്ന നിരന്തര സന്ദർശനങ്ങളും, വീട്ടിൽ ആരു വിരുന്നുവന്നാലും അവരെയും കൊണ്ട് നാഗർകോവിൽ വഴി കന്യാകുമാരി കാണിക്കാൻ നടത്തിയിരുന്ന യാത്രകളും, നവരാത്രി മണ്ഡപത്തിൽ കച്ചേരി കേൾക്കാൻ പോയിരുന്ന വൈകുന്നേരങ്ങളും വ്യക്തിപരമായി എന്നെ ഈ നഗരത്തിന്റെ പൈതൃകവുമായി പലതരത്തിൽ വിളക്കിച്ചേർത്തുകൊണ്ടിരുന്നു.
അങ്ങനെ തിരുവിതാംകൂറിനെയും അതിന്റെ ചരിത്ര, സാംസ്കാരിക ഭാഷാ പൈതൃകത്തെയും അല്പാല്പമായി അറിയാൻ ശ്രമിച്ചിരുന്നപ്പോഴൊക്കെ സി.വി രാമൻപിള്ളയുടെ ധർമ്മരാജാ വായിക്കാൻ പുറപ്പെട്ടിരുന്നെങ്കിലും അതിന്റെ ഭാഷാകാഠിന്യം എന്നെ പിന്തിരിപ്പിക്കുകയാണ്‌ ചെയ്തത്. പണ്ട് ഹൈസ്കൂളിൽ മലയാളം പഠിപ്പിച്ച ടീച്ചറുടെയും സാറിന്റെയും ഒക്കെ നോട്ട് ബുക്കുകളിലെ പര്യായപദങ്ങൾ തേടി വീണ്ടും പോകേണ്ടി വരുമോ എന്ന് ഞാൻ ഭയന്നു. അങ്ങനെ ഈ ലോക്ഡൗൻ കാലത്ത് മൊത്തത്തിൽ സി.വി.യെ വായിച്ചുകളയാം എന്ന് കരുതി. ഒരു പത്ത് ദിവസം കൊണ്ട് മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജബഹദൂർ എന്നിങ്ങനെ സി.വി യുടെ ചരിത്ര നോവൽ ശ്രേണി മൊത്തത്തിൽ വായിച്ചു തീർത്തു! വായിക്കുന്നെങ്കിൽ ഇവ മൂന്നും ഒരുമിച്ച് യഥാക്രമം വായിക്കുന്നത് തന്നെയാണ്‌ നല്ലതെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ ഈ അവലോകനചിന്താക്കുറിപ്പും ഒരുമിച്ചാവാമെന്ന് കരുതി.
പറയാനാണെങ്കിൽ ഒരു ഭാവനാചരിത്രയാത്രാനുഭവകഥ തന്നെയുണ്ട് പറയാൻ! ചരിത്രവും കെട്ടുകഥകളും കഥാപാത്രങ്ങളും സംഭവവികാസങ്ങളും നിറഞ്ഞ, ആധുനിക വെബ് സീരീസുകളോട് കിടപിടിക്കുന്ന ആഖ്യാനരീതി.
പരസ്പരബന്ധമില്ലാത്ത കഥാപാത്രകണങ്ങളിലൂടെയാരംഭിച്ച് ഒരു അപസർപ്പക നോവലിന്റെ സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലേക്ക് പ്രവേശിക്കുന്ന, സാമാന്യവായനക്കാരന്‌ എളുപ്പം ഗ്രഹിക്കാവുന്ന ഭാഷയിൽ തന്നെ വളരെ വേഗത്തിൽ പറഞ്ഞുപോകുന്ന ഒരു കഥയാണ്‌ 'മാർത്താണ്ഡവർമ്മ'. ചന്തുമേനോനുമായി സി.വി ക്ക് ഉണ്ടായിരുന്ന ആരോഗ്യപരമായ മാത്സര്യബുദ്ധിയോ അതോ അച്ചടിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നം മൂലമോ എന്നറിയില്ല, ബൃഹത്തായ ഒരു കഥയെ അതിന്റെ അവസാനങ്ങളിലേക്ക് അടുക്കുമ്പോൾ ധൃതിയിൽ ഏതാനും ചില അദ്ധ്യായങ്ങളിലൂടെ ഉപസംഹരിക്കുവാൻ ആണ്‌ മാർത്താണ്ഡവർമ്മയിൽ സി.വി ശ്രമിച്ചത് എന്ന് തോന്നുന്നു.
അതിനുശേഷം 21 വർഷങ്ങൾ കഴിഞ്ഞാണ്‌ സി.വി തന്റെ രണ്ടാമത്തെ പുസ്തകമായ ധർമ്മരാജാ എഴുതിയത്. മാർത്താണ്ഡവർമ്മയുടെ ബാക്കി തന്നെയാണ്‌ ധർമ്മരാജാ. മാർത്താണ്ഡവർമയിലെ നായികയായ പാറുക്കുട്ടി, ഇതിൽ പാർവതിയമ്മ ആകുന്നു. അതിലെ നായകൻ അനന്തപദ്മനാഭൻ ഇതിൽ വാർദ്ധക്യത്തിലേക്ക് നടന്നു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കഥാപാത്രമായി മാറുന്നതും കാണാം. എങ്കിലും, ധർമ്മരാജ ആത്യന്തികമായി പ്രതിനായകനിലൂടെ സഞ്ചരിച്ചുപോകുന്ന ഒരു നോവലാണ്‌. ചിലമ്പിനേത്ത് ചന്ദ്രക്കാറനും, ഹരിപഞ്ചാനനന്മാരും അടങ്ങിയ വില്ലന്മാർ, അവരെ സി.വി അവതരിപ്പിച്ച രീതി, (Character sketch and detailing) ഒക്കെ പരിശോധിച്ചാൽ, നരേന്ദ്രപ്രസാദ് അവതരിപ്പിച്ച ഏകലവ്യനിലെ വില്ലൻ കഥാപാത്രവും, ഗജിനിയിലെ വില്ലനും, തുടങ്ങി ലോക നിലവാരത്തിൽ ചർച്ച ചെയ്യപ്പെടുന്ന ജോകർ (JOKER) നോട് വരെ കിടപിടിക്കുന്ന് തരത്തിലാണ്‌ എന്ന് പറഞ്ഞാൽ ഒട്ടും കുറഞ്ഞുപോകില്ല.
മലയാളസാഹിത്യത്തിൽ തന്നെ ധർമ്മരാജാ പോലെയുള്ള ഭാഷാപരമായ ഒരു ഉത്കൃഷ്ട സൃഷ്ടി ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് പിറവികൊണ്ടു എന്നുള്ളത് ശ്രേഷ്ഠഭാഷാപദവി സ്വായത്തമാക്കിയ മലയാളത്തിന്റെ സാഹിത്യവ്യാപ്തിയും, സർഗ്ഗശക്തിയും വിളിച്ചോതുന്ന ഒരു കാര്യമാണ്‌.
നിർഭാഗ്യവശാൽ ഭാഷയുടെ കഠിനത ധർമ്മരാജായിൽ നിന്നു പലരേയും അകറ്റുന്നു എന്നതാണ്‌ സത്യം. എങ്കിലും ഭാഷാകാഠിന്യത്തേക്കാളുപരി, മാർത്താണ്ഡവർമ്മ വായിക്കാതെ, സി.വി യുടെ ആഖ്യാനശൈലിയെക്കുറിച്ചോ, തിരുവനന്തപുരം, നാഗർകോവിൽ മുതലായ ഇടങ്ങളിലെ പ്രാദേശിക സംസ്കാരത്തെക്കുറിച്ചൊ, ഭാഷയെക്കുറിച്ചൊ അറിയാതെ നേരിട്ട് ധർമ്മരാജയിലേക്ക് കടക്കുന്നതിനാലാവാം ചില വായനക്കാർക്കെങ്കിലും അത് ആസ്വദിക്കുവാൻ സാധിക്കാത്തത് എന്ന് തോന്നുന്നു. പല ഭാഷാപണ്ഠിതന്മാരും പറയുന്നതുപോലെ ഇതൊക്കെ ഹൈസ്കൂൾ തലത്തിൽ പാഠ്യഭാഗങ്ങളായി ഉൾപ്പെടുത്തേണ്ടത് തന്നെയാണ്‌. അല്ലാത്തപക്ഷം ഇത്തരം ബൃഹദ്നോവലുകൾ അന്യം നിന്നു പോകാൻ സാധ്യതയുണ്ടെന്നുള്ളതാണ്‌ സത്യം.
രാമായണം, മഹാഭാരതം, ഇലിയഡ് തുടങ്ങി, നളചരിതം ആട്ടക്കഥ, ശാകുന്തളം, കുഞ്ചൻ നമ്പ്യാരുടെ കാർത്തവീര്യാർജ്ജുനവിജയം തുടങ്ങിയ കൃതികളുടെ വളരെ വലിയ തരത്തിൽ ഉള്ള സ്വാധീനങ്ങൾ ഇതിൽ കാണാമെന്നുണ്ടെങ്കിലും, അക്കഥകളെക്കുറിച്ച് പൂർണ്ണ വിജ്ഞാനം ഇല്ലാത്ത ഒരാൾക്കും ആസ്വാദ്യമായ രീതിയിൽ തന്നെയാണ്‌ സി.വി യുടെ രചന. "“ചന്ദ്രക്കാറൻ ഭരിച്ചാൽ ഭരുമോ?”"- എന്ന തരത്തിലുള്ള അതിവിശേഷപ്രയോഗങ്ങൾ നമുക്കിതിൽ ധാരാളം കാണാം. മതവും രാഷ്ടീയവും തമ്മിലുള്ള അവിശുദ്ധബന്ധം രാജ്യത്തിന്‌ വരുത്തിവെയ്ക്കുന്ന വിനയെക്കുറിച്ച് ഈ പുസ്തകം ചർച്ചചെയ്യുന്നു. ഇത് കാലാനുവർത്തിതമായ ആശയമാണെന്നത് എടുത്ത് പറയേണ്ടതില്ലല്ലോ!
ധർമ്മരാജാ ഒരു കടമ്പയാണ്‌. അത് കടന്നാൽ പിന്നെ ഈ ശ്രേണിയിലെ മൂന്നാമത്തേതും അവസാനത്തേതും ആയ നോവൽ- ‘രാമരാജബഹദൂർ’ വായിക്കുക വളരെ എളുപ്പമാണ്‌. കൂട്ടത്തിൽ ഏറ്റവും നീളം കൂടിയതും, ഏറ്റവുമധികം പിടിച്ചിരുത്തുന്ന വർണ്ണനകൾ ഉള്ളതും, (largest canvas) ഏറ്റവുമധികം സംഭവവികാസങ്ങൾ ഉള്ളതും ആയ നോവൽ രാമരാജബഹദൂർ ആണ്‌. മഹാപ്രളയത്തെ കുറിച്ചും മറ്റുമുള്ള വർണ്ണനകൾ വായിക്കുവാനായി മാത്രം ഈ പുസ്തകം വാങ്ങി വായിക്കാവുന്നതാണ്. മാർത്താണ്ഡവർമ്മയേയും, ധർമ്മരാജായേയും വെച്ച് നോക്കിയാൽ വീരസം, അപസർപ്പകസ്വഭാവം എന്നിവ കൂടാതെ സാമൂഹിക വിമർശനവും നർമ്മവും ഏറ്റവുമധികം ഉള്ളത് രാമരാജബഹദൂറിൽ ആണെന്നാണ്‌ തോന്നിയിട്ടുള്ളത്.
“എല്ലാവരും പല്ലക്ക് കേറിയാൽ ചുമക്കാനും ആരേങ്കിലും വേണ്ടേ?”
എന്നു തുടങ്ങിയ സംഭാഷണങ്ങൾ സാമൂഹിക ഉച്ചനീചത്വങ്ങളെ ഉദ്ദേശിച്ചാവാം.
അതുപോലെ തന്നെ, വിദേശീയ ജളത്വം എന്നൊക്കെ സി.വി തന്നെ പറയുന്നുണ്ടെങ്കിൽ കൂടി, ‘കേരളം മഹിളാസാമ്രാജ്യവും അവിടുത്തെ പുരുഷലോകം അഭിചാരകസംഘവും ആണെന്ന് വിശ്വസിക്കുന്ന ’ വിദേശസൈന്യത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ സി.വി വിരൽ ചൂണ്ടുന്നത് തിരുവിതാംകൂറിൽ നിലകൊണ്ടിരുന്ന മരുമക്കത്തായ സമ്പ്രദായത്തിന്റെ പരിഹാസ്യവശങ്ങളിലേക്കാവാം എന്ന് തോന്നുന്നു. ഡോ. കെ രാഘവൻപിള്ള പറയുന്നത് പോലെ സി വി ക്ക് പ്രചോദനമായിരുന്നത് മൂന്ന് കാര്യങ്ങളായിരുന്നു എന്നത് വ്യക്തം:ഒന്ന്- മഹാഭാരതം; രണ്ട്- രാമായണം; മൂന്ന്‌- നായർ സമുദായത്തിന്റെ വീരപാരമ്പര്യം (അതിന്റെ ഗുണവും ദോഷവും ഉണ്ട് ).
ദേശദ്രോഹികളായ എട്ടുവീട്ടിൽ പിള്ളമാരെ നിഗ്രഹിച്ചുകൊണ്ട് കിരീടം ചൂടുകയും, ശേഷം പദ്മനാഭസ്വാമിഭഗവാന്‌ രാജ്യം സമർപ്പിക്കുകയും ചെയ്യുന്ന മാർത്താണ്ഡവർമ്മയുടെ കഥയല്ല സി.വി യുടെ മാർത്താണ്ഡവർമ്മ. ഇതിൽ നാം കാണുന്നത് അനന്തപദ്മനാഭന്റെയും പാറുക്കുട്ടിയുടെയും ജീവിതമാണ്‌. അതിലുപരി ഇന്ത്യൻ സാഹിത്യലോകം കണ്ടിട്ടുതിൽ വെച്ച് ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൊന്നായ ‘സുഭദ്ര’യുടെ കഥയാണ്‌ മാർത്താണ്ഡവർമ്മ! നോവലിനെ തന്നെ ‘സുഭദ്ര’ എന്ന് പുനർനാമകരണം ചെയ്താലും തരക്കേടില്ല എന്ന് തോന്നുന്നു.
ധർമ്മരാജായിൽ ആകട്ടെ, ഹൈദർ, ടിപ്പു മുതലായ മൈസൂർ ഭരണാധികാരികളുടെ ആക്രമണത്തെ ഭയന്ന് തിരുവിതാംകൂറിലേക്ക് പലായനം ചെയ്തിരുന്ന ജനങ്ങൾക്ക് അഭയം നല്കിയിരുന്ന ‘ധർമ്മരാജാ’-വിന്റെ കഥയല്ല, മറിച്ച് ചിലമ്പിനേത്ത് ചന്ദ്രക്കാറൻ, ഹരിപഞ്ചാനനൻ തുടങ്ങിയ അദ്ഭുതതരങ്ങളായ കഥാപാത്രങ്ങളുടെ സൃഷ്ടിവൈഭവമാണതിൽ നിറഞ്ഞാടുന്നത്. രാമരാജബഹദ്ദൂറിലാകട്ടെ, ധർമ്മരാജായിലെ നായകനിരയിൽ ഉള്ള കേശവപിള്ള, പിന്നീട് ദിവാൻ കേശവപിള്ള (രാജാ കേശവദാസ്) ആവുകയും, അനന്തപദ്മനാഭന്റെ പരമ്പരയിലുള്ള ത്രിവിക്രമനും മറ്റും ചേർന്ന് ടിപ്പുവിന്റെ ആക്രമണത്തെ ചെറുക്കാൻ ശ്രമിക്കുന്നതുമാണ്‌ കഥ. ഇങ്ങനെ 'രാജാവ്' എന്നത് കേവലമൊരു ക്യാൻവാസ് മാത്രമാക്കിക്കൊണ്ടാണ് സി. വി. കഥപറഞ്ഞു പോവുന്നത്. രാജാവ് പലപ്പോഴും അശക്തനും, അബലനും, നിസ്സഹായനും ആയിട്ടുള്ള സാമാന്യവികാരങ്ങൾക്ക് വശംവദനാകുന്ന ഒരു മനുഷ്യൻ മാത്രമാണ്‌.

മൂന്നു നോവലുകളും ചരിത്രവുമായി ഇഴുകിച്ചേർന്ന് പോകുന്ന ഉത്കൃഷ്ട ഭാവനാസൃഷ്ടികളാണ്‌. ഇതിൽ ഉള്ളതേത് ഇല്ലാത്തതേത് എന്ന് ഗണിച്ചെടുക്കുക കഠിനം!. അവിടെയാണ്‌ സി വി എന്ന രചയിതാവ്, 'മഹാനായ സിവി' ആയി മാറുന്നത് എന്ന് തോന്നുന്നു. മാർത്താണ്ഡവർമ്മ ഒരു നാടകമെങ്കിൽ ധർമ്മരാജാ അതിൽ തുടങ്ങുന്ന ഒരു കഥകളിയാട്ടം തന്നെയാണ്‌. രാമരാജബഹദൂർ ആകട്ടെ, ചരിത്രവും ഭാവനയും ചേർന്ന ഒരു സർഗ്ഗസപര്യയും!. ഏതൊരു മലയാളിയും, ഏതൊരു ചരിത്രകുതുകിയും, ഏതൊരു ഭാഷാപ്രേമിയും തീർച്ചയായും വായിച്ചിരിക്കേണ്ട നോവൽ ത്രയങ്ങൾ ആണിവ.
- Rahul Sharma
NB: വായിക്കുന്നവർ സൂചികകളടങ്ങിയ പുസ്തകം തിരഞ്ഞെടുത്ത് വായിക്കുന്നതാവും നല്ലത്- പ്രത്യേകിച്ച് ധർമ്മരാജാ. അയ്യപ്പപ്പണിക്കരും, ഡോ. പി വേണുഗോപാലനും മറ്റും എഴുതിയ അവതാരികയും, പഠനങ്ങളും ഒക്കെ വായിക്കുകയാണെങ്കിൽ മൊത്തത്തിൽ ഈ നോവൽത്രയങ്ങളെയും, അതിന്റെ സാമൂഹിക സാംസ്കാരിക പശ്ഛാത്തലങ്ങളെയും കൂടുതൽ മനസ്സിലാക്കുക എളുപ്പമാണ്‌.