“ചന്ദ്രക്കാറൻ ഭരിച്ചാൽ ഭരുമോ?”
ഒരിക്കൽ ഞാനും ഒരു സുഹൃത്തും )കൂടി തിരുവനന്തപുരം നവരാത്രി മണ്ഡപത്തിൽ സംഗീതക്കച്ചേരി കേൾക്കാൻ പോവുകയും ചില സാങ്കേതിക കാരണങ്ങളാൽ അതിനു സാധിക്കാതെ വരികയും ചെയ്തു. പക്ഷേ, അന്ന് വൈകുന്നേരം പദ്മതീർഥക്കുളത്തിനരികിൽ അസ്തമയ സൂര്യന്റെ വെളിച്ചത്തിൽ ഇരുന്നുകൊണ്ട് പുള്ളി എന്നോട് 'ധർമ്മരാജാ' എന്ന പുസ്തകത്തെക്കുറിച്ച് പറയുകയുണ്ടായി. അന്ന് മുതൽ അത് വായിക്കണം എന്ന് കരുതി മാറ്റി വെച്ചിരിക്കുകയും ആയിരുന്നു.
ചരിത്രങ്ങളും ചരിത്രകഥകളും എന്നും ഒരു മുത്തശ്ശിക്കഥയിലെ യക്ഷിഗന്ധർവന്മാരെപ്പോലെ മനസ്സിനെ വശീകരിക്കുകയും കുഴപ്പിക്കുകയും ചെയ്യുന്ന വസ്തുക്കളാകുന്നു. പത്തുവർഷത്തോളം നീണ്ട തിരുവനന്തപുരനിവാസവും, പദ്മനാഭപുരം കൊട്ടാരം, പദ്മനാഭസ്വാമി ക്ഷേത്രം, ശുചീന്ദ്രം, കുതിരമാളിക, കനകക്കുന്ന് കൊട്ടാരം എന്നിവിടങ്ങളിലേക്ക് നടത്തിക്കൊണ്ടിരുന്ന നിരന്തര സന്ദർശനങ്ങളും, വീട്ടിൽ ആരു വിരുന്നുവന്നാലും അവരെയും കൊണ്ട് നാഗർകോവിൽ വഴി കന്യാകുമാരി കാണിക്കാൻ നടത്തിയിരുന്ന യാത്രകളും, നവരാത്രി മണ്ഡപത്തിൽ കച്ചേരി കേൾക്കാൻ പോയിരുന്ന വൈകുന്നേരങ്ങളും വ്യക്തിപരമായി എന്നെ ഈ നഗരത്തിന്റെ പൈതൃകവുമായി പലതരത്തിൽ വിളക്കിച്ചേർത്തുകൊണ്ടിരുന്നു.
അങ്ങനെ തിരുവിതാംകൂറിനെയും അതിന്റെ ചരിത്ര, സാംസ്കാരിക ഭാഷാ പൈതൃകത്തെയും അല്പാല്പമായി അറിയാൻ ശ്രമിച്ചിരുന്നപ്പോഴൊക്കെ സി.വി രാമൻപിള്ളയുടെ ധർമ്മരാജാ വായിക്കാൻ പുറപ്പെട്ടിരുന്നെങ്കിലും അതിന്റെ ഭാഷാകാഠിന്യം എന്നെ പിന്തിരിപ്പിക്കുകയാണ് ചെയ്തത്. പണ്ട് ഹൈസ്കൂളിൽ മലയാളം പഠിപ്പിച്ച ടീച്ചറുടെയും സാറിന്റെയും ഒക്കെ നോട്ട് ബുക്കുകളിലെ പര്യായപദങ്ങൾ തേടി വീണ്ടും പോകേണ്ടി വരുമോ എന്ന് ഞാൻ ഭയന്നു. അങ്ങനെ ഈ ലോക്ഡൗൻ കാലത്ത് മൊത്തത്തിൽ സി.വി.യെ വായിച്ചുകളയാം എന്ന് കരുതി. ഒരു പത്ത് ദിവസം കൊണ്ട് മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജബഹദൂർ എന്നിങ്ങനെ സി.വി യുടെ ചരിത്ര നോവൽ ശ്രേണി മൊത്തത്തിൽ വായിച്ചു തീർത്തു! വായിക്കുന്നെങ്കിൽ ഇവ മൂന്നും ഒരുമിച്ച് യഥാക്രമം വായിക്കുന്നത് തന്നെയാണ് നല്ലതെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ ഈ അവലോകനചിന്താക്കുറിപ്പും ഒരുമിച്ചാവാമെന്ന് കരുതി.
പറയാനാണെങ്കിൽ ഒരു ഭാവനാചരിത്രയാത്രാനുഭവകഥ തന്നെയുണ്ട് പറയാൻ! ചരിത്രവും കെട്ടുകഥകളും കഥാപാത്രങ്ങളും സംഭവവികാസങ്ങളും നിറഞ്ഞ, ആധുനിക വെബ് സീരീസുകളോട് കിടപിടിക്കുന്ന ആഖ്യാനരീതി.
പരസ്പരബന്ധമില്ലാത്ത കഥാപാത്രകണങ്ങളിലൂടെയാരംഭിച്ച് ഒരു അപസർപ്പക നോവലിന്റെ സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലേക്ക് പ്രവേശിക്കുന്ന, സാമാന്യവായനക്കാരന് എളുപ്പം ഗ്രഹിക്കാവുന്ന ഭാഷയിൽ തന്നെ വളരെ വേഗത്തിൽ പറഞ്ഞുപോകുന്ന ഒരു കഥയാണ് 'മാർത്താണ്ഡവർമ്മ'. ചന്തുമേനോനുമായി സി.വി ക്ക് ഉണ്ടായിരുന്ന ആരോഗ്യപരമായ മാത്സര്യബുദ്ധിയോ അതോ അച്ചടിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നം മൂലമോ എന്നറിയില്ല, ബൃഹത്തായ ഒരു കഥയെ അതിന്റെ അവസാനങ്ങളിലേക്ക് അടുക്കുമ്പോൾ ധൃതിയിൽ ഏതാനും ചില അദ്ധ്യായങ്ങളിലൂടെ ഉപസംഹരിക്കുവാൻ ആണ് മാർത്താണ്ഡവർമ്മയിൽ സി.വി ശ്രമിച്ചത് എന്ന് തോന്നുന്നു.
അതിനുശേഷം 21 വർഷങ്ങൾ കഴിഞ്ഞാണ് സി.വി തന്റെ രണ്ടാമത്തെ പുസ്തകമായ ധർമ്മരാജാ എഴുതിയത്. മാർത്താണ്ഡവർമ്മയുടെ ബാക്കി തന്നെയാണ് ധർമ്മരാജാ. മാർത്താണ്ഡവർമയിലെ നായികയായ പാറുക്കുട്ടി, ഇതിൽ പാർവതിയമ്മ ആകുന്നു. അതിലെ നായകൻ അനന്തപദ്മനാഭൻ ഇതിൽ വാർദ്ധക്യത്തിലേക്ക് നടന്നു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കഥാപാത്രമായി മാറുന്നതും കാണാം. എങ്കിലും, ധർമ്മരാജ ആത്യന്തികമായി പ്രതിനായകനിലൂടെ സഞ്ചരിച്ചുപോകുന്ന ഒരു നോവലാണ്. ചിലമ്പിനേത്ത് ചന്ദ്രക്കാറനും, ഹരിപഞ്ചാനനന്മാരും അടങ്ങിയ വില്ലന്മാർ, അവരെ സി.വി അവതരിപ്പിച്ച രീതി, (Character sketch and detailing) ഒക്കെ പരിശോധിച്ചാൽ, നരേന്ദ്രപ്രസാദ് അവതരിപ്പിച്ച ഏകലവ്യനിലെ വില്ലൻ കഥാപാത്രവും, ഗജിനിയിലെ വില്ലനും, തുടങ്ങി ലോക നിലവാരത്തിൽ ചർച്ച ചെയ്യപ്പെടുന്ന ജോകർ (JOKER) നോട് വരെ കിടപിടിക്കുന്ന് തരത്തിലാണ് എന്ന് പറഞ്ഞാൽ ഒട്ടും കുറഞ്ഞുപോകില്ല.
മലയാളസാഹിത്യത്തിൽ തന്നെ ധർമ്മരാജാ പോലെയുള്ള ഭാഷാപരമായ ഒരു ഉത്കൃഷ്ട സൃഷ്ടി ഏകദേശം ഒരു നൂറ്റാണ്ട് മുമ്പ് പിറവികൊണ്ടു എന്നുള്ളത് ശ്രേഷ്ഠഭാഷാപദവി സ്വായത്തമാക്കിയ മലയാളത്തിന്റെ സാഹിത്യവ്യാപ്തിയും, സർഗ്ഗശക്തിയും വിളിച്ചോതുന്ന ഒരു കാര്യമാണ്.
നിർഭാഗ്യവശാൽ ഭാഷയുടെ കഠിനത ധർമ്മരാജായിൽ നിന്നു പലരേയും അകറ്റുന്നു എന്നതാണ് സത്യം. എങ്കിലും ഭാഷാകാഠിന്യത്തേക്കാളുപരി, മാർത്താണ്ഡവർമ്മ വായിക്കാതെ, സി.വി യുടെ ആഖ്യാനശൈലിയെക്കുറിച്ചോ, തിരുവനന്തപുരം, നാഗർകോവിൽ മുതലായ ഇടങ്ങളിലെ പ്രാദേശിക സംസ്കാരത്തെക്കുറിച്ചൊ, ഭാഷയെക്കുറിച്ചൊ അറിയാതെ നേരിട്ട് ധർമ്മരാജയിലേക്ക് കടക്കുന്നതിനാലാവാം ചില വായനക്കാർക്കെങ്കിലും അത് ആസ്വദിക്കുവാൻ സാധിക്കാത്തത് എന്ന് തോന്നുന്നു. പല ഭാഷാപണ്ഠിതന്മാരും പറയുന്നതുപോലെ ഇതൊക്കെ ഹൈസ്കൂൾ തലത്തിൽ പാഠ്യഭാഗങ്ങളായി ഉൾപ്പെടുത്തേണ്ടത് തന്നെയാണ്. അല്ലാത്തപക്ഷം ഇത്തരം ബൃഹദ്നോവലുകൾ അന്യം നിന്നു പോകാൻ സാധ്യതയുണ്ടെന്നുള്ളതാണ് സത്യം.
രാമായണം, മഹാഭാരതം, ഇലിയഡ് തുടങ്ങി, നളചരിതം ആട്ടക്കഥ, ശാകുന്തളം, കുഞ്ചൻ നമ്പ്യാരുടെ കാർത്തവീര്യാർജ്ജുനവിജയം തുടങ്ങിയ കൃതികളുടെ വളരെ വലിയ തരത്തിൽ ഉള്ള സ്വാധീനങ്ങൾ ഇതിൽ കാണാമെന്നുണ്ടെങ്കിലും, അക്കഥകളെക്കുറിച്ച് പൂർണ്ണ വിജ്ഞാനം ഇല്ലാത്ത ഒരാൾക്കും ആസ്വാദ്യമായ രീതിയിൽ തന്നെയാണ് സി.വി യുടെ രചന. "“ചന്ദ്രക്കാറൻ ഭരിച്ചാൽ ഭരുമോ?”"- എന്ന തരത്തിലുള്ള അതിവിശേഷപ്രയോഗങ്ങൾ നമുക്കിതിൽ ധാരാളം കാണാം. മതവും രാഷ്ടീയവും തമ്മിലുള്ള അവിശുദ്ധബന്ധം രാജ്യത്തിന് വരുത്തിവെയ്ക്കുന്ന വിനയെക്കുറിച്ച് ഈ പുസ്തകം ചർച്ചചെയ്യുന്നു. ഇത് കാലാനുവർത്തിതമായ ആശയമാണെന്നത് എടുത്ത് പറയേണ്ടതില്ലല്ലോ!
ധർമ്മരാജാ ഒരു കടമ്പയാണ്. അത് കടന്നാൽ പിന്നെ ഈ ശ്രേണിയിലെ മൂന്നാമത്തേതും അവസാനത്തേതും ആയ നോവൽ- ‘രാമരാജബഹദൂർ’ വായിക്കുക വളരെ എളുപ്പമാണ്. കൂട്ടത്തിൽ ഏറ്റവും നീളം കൂടിയതും, ഏറ്റവുമധികം പിടിച്ചിരുത്തുന്ന വർണ്ണനകൾ ഉള്ളതും, (largest canvas) ഏറ്റവുമധികം സംഭവവികാസങ്ങൾ ഉള്ളതും ആയ നോവൽ രാമരാജബഹദൂർ ആണ്. മഹാപ്രളയത്തെ കുറിച്ചും മറ്റുമുള്ള വർണ്ണനകൾ വായിക്കുവാനായി മാത്രം ഈ പുസ്തകം വാങ്ങി വായിക്കാവുന്നതാണ്. മാർത്താണ്ഡവർമ്മയേയും, ധർമ്മരാജായേയും വെച്ച് നോക്കിയാൽ വീരസം, അപസർപ്പകസ്വഭാവം എന്നിവ കൂടാതെ സാമൂഹിക വിമർശനവും നർമ്മവും ഏറ്റവുമധികം ഉള്ളത് രാമരാജബഹദൂറിൽ ആണെന്നാണ് തോന്നിയിട്ടുള്ളത്.
“എല്ലാവരും പല്ലക്ക് കേറിയാൽ ചുമക്കാനും ആരേങ്കിലും വേണ്ടേ?”
എന്നു തുടങ്ങിയ സംഭാഷണങ്ങൾ സാമൂഹിക ഉച്ചനീചത്വങ്ങളെ ഉദ്ദേശിച്ചാവാം.
അതുപോലെ തന്നെ, വിദേശീയ ജളത്വം എന്നൊക്കെ സി.വി തന്നെ പറയുന്നുണ്ടെങ്കിൽ കൂടി, ‘കേരളം മഹിളാസാമ്രാജ്യവും അവിടുത്തെ പുരുഷലോകം അഭിചാരകസംഘവും ആണെന്ന് വിശ്വസിക്കുന്ന ’ വിദേശസൈന്യത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ സി.വി വിരൽ ചൂണ്ടുന്നത് തിരുവിതാംകൂറിൽ നിലകൊണ്ടിരുന്ന മരുമക്കത്തായ സമ്പ്രദായത്തിന്റെ പരിഹാസ്യവശങ്ങളിലേക്കാവാം എന്ന് തോന്നുന്നു. ഡോ. കെ രാഘവൻപിള്ള പറയുന്നത് പോലെ സി വി ക്ക് പ്രചോദനമായിരുന്നത് മൂന്ന് കാര്യങ്ങളായിരുന്നു എന്നത് വ്യക്തം:ഒന്ന്- മഹാഭാരതം; രണ്ട്- രാമായണം; മൂന്ന്- നായർ സമുദായത്തിന്റെ വീരപാരമ്പര്യം (അതിന്റെ ഗുണവും ദോഷവും ഉണ്ട് ).
ദേശദ്രോഹികളായ എട്ടുവീട്ടിൽ പിള്ളമാരെ നിഗ്രഹിച്ചുകൊണ്ട് കിരീടം ചൂടുകയും, ശേഷം പദ്മനാഭസ്വാമിഭഗവാന് രാജ്യം സമർപ്പിക്കുകയും ചെയ്യുന്ന മാർത്താണ്ഡവർമ്മയുടെ കഥയല്ല സി.വി യുടെ മാർത്താണ്ഡവർമ്മ. ഇതിൽ നാം കാണുന്നത് അനന്തപദ്മനാഭന്റെയും പാറുക്കുട്ടിയുടെയും ജീവിതമാണ്. അതിലുപരി ഇന്ത്യൻ സാഹിത്യലോകം കണ്ടിട്ടുതിൽ വെച്ച് ഏറ്റവും ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൊന്നായ ‘സുഭദ്ര’യുടെ കഥയാണ് മാർത്താണ്ഡവർമ്മ! നോവലിനെ തന്നെ ‘സുഭദ്ര’ എന്ന് പുനർനാമകരണം ചെയ്താലും തരക്കേടില്ല എന്ന് തോന്നുന്നു.
ധർമ്മരാജായിൽ ആകട്ടെ, ഹൈദർ, ടിപ്പു മുതലായ മൈസൂർ ഭരണാധികാരികളുടെ ആക്രമണത്തെ ഭയന്ന് തിരുവിതാംകൂറിലേക്ക് പലായനം ചെയ്തിരുന്ന ജനങ്ങൾക്ക് അഭയം നല്കിയിരുന്ന ‘ധർമ്മരാജാ’-വിന്റെ കഥയല്ല, മറിച്ച് ചിലമ്പിനേത്ത് ചന്ദ്രക്കാറൻ, ഹരിപഞ്ചാനനൻ തുടങ്ങിയ അദ്ഭുതതരങ്ങളായ കഥാപാത്രങ്ങളുടെ സൃഷ്ടിവൈഭവമാണതിൽ നിറഞ്ഞാടുന്നത്. രാമരാജബഹദ്ദൂറിലാകട്ടെ, ധർമ്മരാജായിലെ നായകനിരയിൽ ഉള്ള കേശവപിള്ള, പിന്നീട് ദിവാൻ കേശവപിള്ള (രാജാ കേശവദാസ്) ആവുകയും, അനന്തപദ്മനാഭന്റെ പരമ്പരയിലുള്ള ത്രിവിക്രമനും മറ്റും ചേർന്ന് ടിപ്പുവിന്റെ ആക്രമണത്തെ ചെറുക്കാൻ ശ്രമിക്കുന്നതുമാണ് കഥ. ഇങ്ങനെ 'രാജാവ്' എന്നത് കേവലമൊരു ക്യാൻവാസ് മാത്രമാക്കിക്കൊണ്ടാണ് സി. വി. കഥപറഞ്ഞു പോവുന്നത്. രാജാവ് പലപ്പോഴും അശക്തനും, അബലനും, നിസ്സഹായനും ആയിട്ടുള്ള സാമാന്യവികാരങ്ങൾക്ക് വശംവദനാകുന്ന ഒരു മനുഷ്യൻ മാത്രമാണ്.
മൂന്നു നോവലുകളും ചരിത്രവുമായി ഇഴുകിച്ചേർന്ന് പോകുന്ന ഉത്കൃഷ്ട ഭാവനാസൃഷ്ടികളാണ്. ഇതിൽ ഉള്ളതേത് ഇല്ലാത്തതേത് എന്ന് ഗണിച്ചെടുക്കുക കഠിനം!. അവിടെയാണ് സി വി എന്ന രചയിതാവ്, 'മഹാനായ സിവി' ആയി മാറുന്നത് എന്ന് തോന്നുന്നു. മാർത്താണ്ഡവർമ്മ ഒരു നാടകമെങ്കിൽ ധർമ്മരാജാ അതിൽ തുടങ്ങുന്ന ഒരു കഥകളിയാട്ടം തന്നെയാണ്. രാമരാജബഹദൂർ ആകട്ടെ, ചരിത്രവും ഭാവനയും ചേർന്ന ഒരു സർഗ്ഗസപര്യയും!. ഏതൊരു മലയാളിയും, ഏതൊരു ചരിത്രകുതുകിയും, ഏതൊരു ഭാഷാപ്രേമിയും തീർച്ചയായും വായിച്ചിരിക്കേണ്ട നോവൽ ത്രയങ്ങൾ ആണിവ.
- Rahul Sharma
NB: വായിക്കുന്നവർ സൂചികകളടങ്ങിയ പുസ്തകം തിരഞ്ഞെടുത്ത് വായിക്കുന്നതാവും നല്ലത്- പ്രത്യേകിച്ച് ധർമ്മരാജാ. അയ്യപ്പപ്പണിക്കരും, ഡോ. പി വേണുഗോപാലനും മറ്റും എഴുതിയ അവതാരികയും, പഠനങ്ങളും ഒക്കെ വായിക്കുകയാണെങ്കിൽ മൊത്തത്തിൽ ഈ നോവൽത്രയങ്ങളെയും, അതിന്റെ സാമൂഹിക സാംസ്കാരിക പശ്ഛാത്തലങ്ങളെയും കൂടുതൽ മനസ്സിലാക്കുക എളുപ്പമാണ്.
No comments:
Post a Comment